കുവൈത്ത് ദുരന്തം….വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു…മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും…

കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ദില്ലിയില്‍ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. 45 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേര്‍ക്ക് പുറമെ തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം ഇതുവരെ നോര്‍ക്ക അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

Related Articles

Back to top button