കുവൈറ്റ് തീപിടിത്തം; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം പ്രഖ്യാപിച്ചു


കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് രണ്ട് ലക്ഷം നല്‍കുക. ഇന്ന് പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര്‍ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഇവരില്‍ 11 പേര്‍ മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ രണ്ട് ഫിലിപ്പൈന്‍ സ്വദേശികള്‍. ഓരോ പാകിസ്താന്‍, ഈജിപ്ഷ്യന്‍ സ്വദേശികളും മരിച്ചതായാണ് വിവരം. 16 പേരെ തിരിച്ചറിയാനുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ മരിച്ചതായും വിവരമുണ്ട്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുകത ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫന്‍ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, വാഴമുട്ടം സ്വദേശി പി വി മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂര്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Related Articles

Back to top button