ലൈഫ് ഭവന പദ്ധതി അട്ടിമറി….പാറശ്ശാലയിൽ ഓംബുഡ്സ്മാന്റെ മിന്നൽ സന്ദർശനം….
പാറശ്ശാല : ലൈഫ് ഭവന പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വീട് അനുവദിക്കാത്ത സംഭവത്തിൽ ഗൃഹനാഥന്റെ പരാതിയിൽ ഓംബുഡ്സ്മാന്റെ മിന്നൽ പരിശോധന. കാരോട് ഗ്രാമപ്പഞ്ചായത്തിലെ പൊറ്റയിൽക്കട ആലുവിള വീട്ടിൽ സെൽവരാജിന്റെ പരാതിയിലാണ് ഓംബുഡ്സ്മാൻ സാം ഫ്രാങ്ക്ളിൻ മിന്നൽ സന്ദർശനം നടത്തിയത്.കാരോട് പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ കളക്ടറേറ്റിൽനിന്ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ സെൽവരാജ് ഇടംപിടിച്ചിരുന്നു. രണ്ട് ഘട്ട പരിശോധനകൾക്കുശേഷമാണ് അധികൃതർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
തുടർന്നു നടന്ന പരിശോധനയിൽ സെൽവരാജിന് 27 സെന്റ് ഭൂമിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വീട് അനുവദിക്കാൻ സാധിക്കില്ലായെന്ന് അധികൃതർ അറിയിച്ചു. പനയിൽനിന്ന് വീണ് കിടപ്പിലായ മകന്റെ ചികിത്സയ്ക്കായി അഞ്ച് സെന്റ് ഭൂമി വിറ്റതായി ചൂണ്ടിക്കാട്ടി ഇവർ അധികൃതരെ സമീപിച്ചുവെങ്കിലും വീട് നിഷേധിച്ചതിനെത്തുടർന്നാണ് സെൽവരാജ് പരാതിയുമായി ഓംബുഡ്സ്മാനെ സമീപിച്ചത്.പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഓംബുഡ്സ്മാൻ സാം ഫ്രാങ്ക്ളിൻ സെൽവരാജിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ഉത്തരവായി നൽകുമെന്ന് ഓംബുഡ്സ്മാൻ അറിയിച്ചു.