ദുരന്തനിവാരണ അതോറിറ്റി വെള്ളറടയില്‍ സ്ഥാപിച്ചിട്ടുള്ള സൈറണ്‍ മുഴങ്ങിയത് പ്രദേശവാസികളെ അമ്പരപ്പിലാക്കി…..
വെള്ളറട: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണ്‍ പ്രവര്‍ത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വിവിധ ജില്ലകളിലായി സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ വിവരങ്ങളെപ്പറ്റിയും മുന്നറിയിപ്പ് കൊടുത്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഏട്ട് സ്ഥലങ്ങളിലാണ് സൈറണ്‍ പ്രവര്‍ത്തന സജ്ജമാണോ എന്ന് പരീക്ഷണം നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്. പൂവാര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, കരിക്കകം ഗവണ്‍മെന്റ് സ്‌കൂള്‍, വെള്ളറട ഗവണ്‍മെന്റ് യുപി സ്‌കൂള്‍, കല്ലറ ഗവണ്‍മെന്റ് വി എച്ച് എസ് എസ്, വിതുര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊഴിയൂര്‍ മിനി ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഈ സൈറനുകള്‍ സ്ഥാപിച്ചിട്ടുള്ള പരിസരത്ത് എവിടെയെങ്കിലും ഉരുള്‍പൊട്ടല്‍ ഭൂമികുലുക്കം പ്രകൃതിക്ഷോഭം എന്നിവ ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും വിവരം കളക്ടറേറ്റില്‍ അറിയിക്കുന്നതിനും വേണ്ടിയാണ് സംവിധാനം സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ശേഷം പ്രവര്‍ത്തന സജ്ജമാണോ എന്ന പരീക്ഷണം നടക്കുമെന്നും സ്‌കൂള്‍ അധികൃതരെ കളക്ടറേറ്റില്‍ നിന്ന് അറിയിച്ചിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തന സമയം കഴിഞ്ഞ് കുട്ടികള്‍ പോയശേക്ഷം നാല് പത്തോടെ സൈറണ്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അഗ്നിശമനസേന വാഹനത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പതിന്മടങ്ങ് ഉച്ചത്തിത്തിലായിരുന്നു പരീക്ഷണശബ്ദം. ശബ്ദം കേട്ട് പ്രദേശവാസികള്‍ ആകെ അങ്കലാപ്പിലായി ഇത്തരം ഭീമമായ ശബ്ദം എവിടെ നിന്നാണ് എന്ത് അപകടമാണ് സംഭവിച്ചത് എന്നറിയാതെ ആളുകള്‍ ആകെ നെട്ടോട്ടത്തിലായി. ശബ്ദത്തിന്റെ സ്രോതസ്സ് എവിടെയാണെന്ന് അന്വേഷിച്ചു ഗവണ്‍മെന്റ് സ്‌കൂളില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതരെ ശബ്ദം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു എങ്കിലും നാട്ടുകാര്‍ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു.