ബിജെപി പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തു..പിന്നിൽ ബ്ലേഡ് മാഫിയ…
കൊല്ലം പുനലൂരിൽ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി കുടുംബം രംഗത്ത്.. പുനലൂർ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു.തുടർന്ന് വഴിയിൽ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണ ദിവസവും വീട്ടിൽ അതിക്രമിച്ചു കയറി പലിശക്കാരൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി ഗ്രീഷ്മയുടെ അമ്മ പറയുന്നു.തന്റെ ആത്മഹത്യയ്ക്ക് കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത മരണക്കുറിപ്പിൽ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്. കൂടുതൽ തുക ആവശ്യപ്പെട്ട് ഇയാൾ മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്ന് സഹോദരൻ പറഞ്ഞു.മഹിളാമോർച്ച പുനലൂർ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ അടുത്തമാസം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു .ഒമ്പതും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ഗ്രീഷ്മയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.