അധികാരമേറ്റ് 2ാം നാൾ മോദി സര്‍ക്കാരിന് ആര്‍എസ്എസിൻ്റെ ശക്തമായ നിര്‍ദ്ദേശം ഇതാണ്…..
അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നിൽ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍എസ്എസ്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരിൽ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും നാഗ്‌പൂരിൽ നടന്ന ആര്‍എസ്എസ് സമ്മേളണം നിര്‍ദ്ദേശം നൽകി. പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്.
മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതൃത്വം പ്രതിപക്ഷത്തെ ശത്രുവായി കാണേണ്ടതില്ലെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.