അഡ്വ. ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി..ഇന്ന് നോമിനേഷൻ നൽകും…
സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി . മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ന് മൂന്നുമണിക്ക് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഭാവിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.
കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.രാജ്യ തലസ്ഥാനത്തെ മുസ്‌ലീം ലീഗിന്റെ മുഖങ്ങളിൽ ഒന്നാണ് രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപെട്ട ഹാരിസ് ബീരാൻ. ലീഗിന് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങളലൂടെയാണ് ഹാരിസ് ബീരാൻ ജനശ്രദ്ധ പിടിച്ചുപറ്റിയത്. വിയോജിപ്പുകൾക്കിടയിലും ഹാരിസിന്റെ സ്ഥാനാർഥിത്വം ഊട്ടിയുറപ്പിച്ചത് ഈ നിയമപോരാട്ടങ്ങൾ തന്നെയാണ്.