അധ്യാപകൻ കഥയെഴുതി..പ്രകാശിപ്പിച്ചത് തൂപ്പുകാരി…
തിരുവനന്തപുരം: നെയ്യാർഡാം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ വരാന്തയിൽ കഴിഞ്ഞ ദിവസം ഒരു ചടങ്ങ് നടന്നു. വെറും 39 മിനിട്ടിൽ അവസാനിച്ച പുസ്തക പ്രകാശന ചടങ്ങ്. സ്കൂളിലെ മലയാളം അധ്യാപകൻ കെ.എസ്. രതീഷ് എഴുതിയ ‘മാളം’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യുന്ന ചടങ്ങായിരുന്നു അത്. പ്രകാശിപ്പിച്ചത് സ്കൂളിലെ തൂപ്പുകാരി വി. ഗീത.
രതീഷ് നിരവധി പുസ്തകങ്ങൾ എഴുതിയ കഥാകൃത്താണെന്ന് പാവം ഗീതയ്ക്ക് അറിയില്ല. ‘മാള’ത്തിലെ ഒരു കഥാപാത്രം ഗീതയുടെ തനിപകർപ്പാണ്. വിദ്യാർഥികളോടും അധ്യാപകരോടും ജനാലയോടും വാതിലിനോടും വരാന്തയോടുമെല്ലാം സ്നേഹത്തോടെ കലഹിച്ചുനടക്കുന്ന ഒരാൾ. ഗീതയുടെ ആൺപതിപ്പാണ് പുസ്തകത്തിലെ ലാസർ എന്ന കഥാപാത്രം. ആ നിഷ്കളങ്കതയാണ് പ്രകാശനത്തിന് ഗീതയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് രതീഷ്.
രതീഷിൻ്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇങ്ങനെയായിരുന്നു. ‘ഹിറ്റ്ലറും തോറ്റകുട്ടിയും’ പ്രകാശനം ചെയ്തത് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തടവുകാരൻ. മറ്റൊരു പുസ്തകമായ ‘തന്തക്കിണർ’ കിണർവെട്ടുകാരനായ രാജനാണ് പുറത്തിറക്കിയത്. ‘കേരളോത്പത്തി’ അമ്മ സുമംഗലയും, ‘പെണ്ണുചത്തവന്റെ പതിനേഴാം ദിവസം’ ഭാര്യ എച്ച്.എ. ബിബിഹയുമായിരുന്നു പ്രകാശനം ചെയ്തത്. മറ്റ് പുസ്തകങ്ങൾ പുറത്തിറക്കിയതാകട്ടെ, നിലമ്പൂരിലെ ആദിവാസിമൂപ്പനും അഗതിമന്ദിരത്തിലെ അമ്മയും ആലപ്പാട് സമരസമിതിയിലെ മത്സ്യത്തൊഴിലാളിയും കൊല്ലത്തെ കശുവണ്ടിത്തൊഴിലാളിയും.