മൂന്നാറിൽ പലചരക്ക് കട കുത്തിത്തുറക്കാൻ ശ്രമിച്ച് കാട്ടാന….

ഇടുക്കി മൂന്നാറിൽ കാട്ടാനയാക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് കാട്ടാനക്കൂട്ടമെത്തിയത്. പ്രദേശവാസിയായ പുണ്യവേലിൻ്റെ പലചരക്ക് കടക്ക് നേരെയും ആക്രമണമുണ്ടായി. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അഞ്ചോളം ആനകൾ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്. അഞ്ച് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. മുമ്പും കടക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ചോക്നാട് കാട്ടാനകള്‍ കൂട്ടമായെത്തുന്നത് വര്‍ഷങ്ങളായി സ്ഥിരം കാഴ്ച്ചയാണ്. പ്രദേശത്തെ പലചരക്ക് വ്യാപാരിയായ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ പലചരക്ക് കടയ്ക്ക് നേരെ പല തവണ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വാതിൽ തകർത്ത കാട്ടാന കടയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കഴിക്കുന്നത് പതിവായിരുന്നു. ഇത്തവണ ശബ്ദം കേട്ട് എഴുന്നേറ്റ പ്രദേശാവാസികള്‍ ആനയെ തുരത്തിയോടിക്കുകയായിരുന്നു. നിലവില്‍ ആനകള്‍ കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. തിരികെ വരാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇരുപതിലധികം തവണയാണ് കാട്ടാന കട ആക്രമിച്ചതെന്നും പലപ്പോഴും നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ലെന്നും പുണ്യവേല്‍ പറയുന്നു.

Related Articles

Back to top button