തകർന്ന വീട്ടിൽ അന്തിയുറങ്ങാനാകാതെ ഒരു കുടുംബം..കല്ലറയില്‍ അന്തിയുറക്കം…

വെള്ളറട. കാഴ്ച പരിമിതിയുള്ള വൃദ്ധയും ഭിന്നശേഷിക്കാരായ രണ്ടു മക്കളും അന്തിയുറങ്ങുന്നത് ശവക്കല്ലറയുടെ പുറത്ത്. വെള്ളറട പഞ്ചായത്തില്‍ പഞ്ചാകുഴി വാര്‍ഡില്‍ പരേതനായ ദേവനേശന്റെ ഭാര്യ ലീല (67), ഭിന്നശേഷിയുള്ള മക്കളായ മനോജ് (41) ബിനു കുമാര്‍ (39) എന്നിവരാണ് വീട് തകർന്നതുമൂലം ശവക്കല്ലറയില്‍ അന്തിയുറങ്ങുന്നത്. സ്വന്തമായി ഉണ്ടായിരുന്ന വീട് മഴക്കാലത്ത് പല ഘട്ടങ്ങളായി പൂര്‍ണമായും നിലംപൊത്തി. പഞ്ചായത്തിലുൾപ്പെടെ നിരവധി തവണ ഭവന പദ്ധതി പ്രകാരം വീട് ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു.

കാഴ്ചയില്ലാത്ത വൃദ്ധയായ മാതാവ് കളക്ടര്‍ക്കും പരാതി നല്‍കിയതായി പറയുന്നു. കാഴ്ചയില്ലാത്ത മാതാവിന് പരസഹായം ഇല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അഞ്ച്‌സെന്റിലെ തകര്‍ന്ന വീടും ശവക്കല്ലറയുമാണ് വൃദ്ധയ്ക്ക് ആകെ ഉള്ള സമ്പാദ്യം. വീട് തകര്‍ന്നതോടെ രണ്ട് പോളിത്തീന്‍ ടാര്‍പ്പയില്‍ നിര്‍മ്മിച്ച കുടിലും ഭര്‍ത്താവിന്റെ ശവക്കല്ലറയും മാത്രം ശേഷിച്ചു. ഭര്‍ത്താവിന്റെ ശവക്കല്ലറയിലാണ് രാത്രി അന്തിയുറക്കം.കാഴ്ച പരിമിതയായ വൃദ്ധയ്ക്ക് അധികൃതരെ കാണുവാനോ അവരോട് വീണ്ടും വീണ്ടും സങ്കടം ബോധിപ്പിക്കുവാനോ കഴിയാത്ത അവസ്ഥയാണ്. മക്കളുടെ ബലഹീനത കാരണം അപേക്ഷകളുമായി ഓഫീസുകളിൽ എത്തിപ്പെടുവാന്‍ മക്കള്‍ക്കും കഴിയുന്നില്ല.

പഞ്ചായത്തംഗത്തിന് കൊടുത്ത അപേക്ഷ പരിഗണിച്ചില്ലെന്നും തുടര്‍ന്നാണ് ശവക്കല്ലറയില്‍ സ്ഥിരമായി അന്തിയുറക്കം ആരംഭിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു. പോളിത്തിന്‍ കുടിലിൽ മഴവെള്ളം ചോര്‍ന്ന് നനഞ്ഞ് പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് കുടുംബം. ആഹാരം വാങ്ങി കൊടുക്കുവാനോ സാമ്പത്തിക സഹായം നല്‍കുവാനോ ആരുമില്ല. പരസഹായം ഇല്ലാതെ പുറത്തുപോയി മലമൂത്ര വിസര്‍ജനം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള തനിക്ക് പലവിധത്തിലുള്ള രോഗങ്ങളുമുണ്ടെന്ന് ലീല പറയുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് കാഴ്ചയില്ലാത്ത മാതാവിനും ഭിന്നശേഷിക്കാരായ രണ്ടു മക്കള്‍ക്കും അന്തിയുറങ്ങുവാന്‍ വീട് ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്

Related Articles

Back to top button