ആരോഗ്യമന്ത്രി ആലപ്പുഴ മെഡിക്കൽ കോളേജ് സന്ദർശിക്കണം കേരളാ കോൺഗ്രസ്….
അമ്പലപ്പുഴ: അശ്രദ്ധ മൂലം നിരവധി മരണങ്ങൾ സംഭവിക്കുകയും ഉത്തരവാദിതരഹിതമായ പ്രവർത്തികൾ വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ ബഹുജനങ്ങളിൽ നിന്ന് പരാതികൾ കേൾക്കുവാൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി അടിയന്തരമായി സന്ദർശിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ ആവശ്യമുന്നയിച്ചു .നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും മന്ത്രി അടിയന്തരമായി സന്ദർശനം നടത്താത്തത് പ്രതിഷേധാർഹമാണ്. മുടങ്ങിക്കിടക്കുന്ന ഹോസ്പിറ്റൽ ഡെവലപ്മെൻറ് കമ്മിറ്റി വിളിച്ചു കൂട്ടുകയോ ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടുകയോ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടുകയോ ചെയ്യാത്ത ജനാധിപത്യവിരുദ്ധമായ നടപടികളാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ ചില പ്രവർത്തനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്നു എന്ന് സംശയിക്കുന്നു. മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തുവാനുള്ള നീക്കങ്ങൾ നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അടിയന്തരമായി മെഡിക്കൽ കോളേജ് സന്ദർശിക്കുകയും പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുകയും, പരിഹാരം ഉണ്ടാവുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു.