ആക്രി വ്യാപാരത്തിന്‍റെ മറവിൽ ജിഎസ്ടി തട്ടിപ്പ്..മുഖ്യസൂത്രധാരൻ അറസ്റ്റിൽ…
ആക്രി വ്യാപാരത്തിന്‍റെ മറവിൽ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ. പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജിഎസ് ടി വകുപ്പ് പിടികൂടിയത്.കൊച്ചി ജിഎസ്ടി കമ്മിഷണർ ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു.15 കോടി 91 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയുടെ ഒടുവിലാണ് സൈൻ എന്‍റര്‍പ്രൈസസ് ഉടമയായ ഉസ്മാൻ പിടിയിലാകുന്നത്.
60 വ്യാജ റജിസ്ട്രേഷനുകൾ ഉപയോഗിച്ച് ഉസ്‍മാൻ സംസ്ഥാനാന്തര ആക്രി വ്യാപാരം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തി.മേയ് 23ന് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഉസ്‍മാൻ പിടിവീണത്. ഓപ്പറേഷൻ പാമ് ട്രീ എന്ന് പേരിട്ടിരുന്ന പരിശോധനയിൽ ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പാണ് വകുപ്പ് കണ്ടെത്തിയത്.ഉസ്മാൻ ഈ സംഘത്തിന്‍റെ മുഖ്യസൂത്രധാരനാണെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത് . ജിഎസ്ടി വകുപ്പിലെ സെക്ഷൻ 132 /1 C അനുസരിച്ചാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പട്ടാമ്പി ഓങ്ങല്ലൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു.