‘തെറ്റിയിട്ടില്ല കാപ്പൻ്റ പ്രവചനങ്ങൾ’..ഭൂരിപക്ഷം തെറ്റാതെ പ്രവചിച്ച് മാണി സി.കാപ്പൻ…
തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം തെറ്റാതെ പ്രവചിച്ച് മാണി സി.കാപ്പൻ എം.എൽ.എ താരമാവുന്നു. ഇത്തവണ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയമാണ് കാപ്പൻ പ്രവചിച്ചിരുന്നത്. സർവേകൾ പുറത്തുവരും മുമ്പായിരുന്നു കാപ്പന്റെ പ്രവചനം. 70000 മുതൽ ഒരു ലക്ഷം വരെ വോട്ടിന്റെ ഭൂരിപക്ഷമെന്ന കാപ്പന്റെ പ്രവചനം ശരിയായി.
2019-ലെ ഉപതിരഞ്ഞെടുപ്പിൽ സ്വന്തം വിജയം പ്രവചിച്ചാണ് കാപ്പൻ തുടക്കമിട്ടത്. അതുവരെ കാപ്പൻ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർഥിയായി എത്തിയപ്പോൾ സ്വന്തം ഭൂരിപക്ഷം 15000 വോട്ടെന്ന് പ്രവചിച്ചു. പ്രവചനം ഫലിച്ചു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ൽ കുറയാതെ എന്ന് പൊതുസമ്മേളനത്തിൽ പറഞ്ഞു. പ്രവചനം വീണ്ടും ഫലിച്ചു
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം 30000-ൽ കൂടുതലായിരിക്കുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തിൽ കാപ്പൻ പറഞ്ഞു. എന്നാൽ വോട്ടെടുപ്പിന് മുമ്പായി മണർകാട് നടന്ന പൊതുസമ്മേളനത്തിൽ കാപ്പൻ ഭൂരിപക്ഷം തിരുത്തിപ്പറഞ്ഞു. 35000-നും 40000-നും ഇടയിലാകുമെന്ന്.പ്രവചനംപോലെ ചാണ്ടി ഉമ്മന് ഭൂരിപക്ഷവും ലഭിച്ചു. പാർട്ടികളുടെ ഉറച്ച പ്രവർത്തകരല്ലാത്ത സാധാരണക്കാരായ ആളുകളോട് കൂടുതലായി സംസാരിക്കുമ്പോൾ ലഭിക്കുന്ന നിഗമനമാണ് പ്രവചനത്തിന് അടിസ്ഥാനമാക്കുന്നതെന്ന് കാപ്പൻ പറയുന്നു.