തോൽവിയിൽ പ്രതികരിക്കാതെ മൗനം പാലിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ…..പിണറായിസത്തിന് ഏറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷം……
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസജയം നേടിയത്. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസും ബിജെപിയും കടന്നു കയറുകയും ചെയ്തു. ഇതോടെ സിപിഎം ഒരു അവലോകനത്തിന് ഒരുങ്ങുകയും ചെയ്യും.
കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റേതായ സന്ദേശങ്ങളുണ്ടായില്ല. അതേസമയം, സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശരിയായ പരിശോധന നടത്തി ആവശ്യമായി തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം.