ഇന്ന് ലോക പരിസ്ഥിതി ദിനം..അത്ഭുതമായി വയൽവാരം വീടിന് സമീപത്തെ മുത്തശിപ്ലാവ്….

വർക്കല: ഇന്ന് ലോകപരിസ്ഥിതിദിനം. ശ്രീനാരായണ ഗുരുദേവന്‍റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തി വയല്‍വാരം വീടിന് സമീപം നിലകൊള്ളുന്ന മുത്തശ്ശി പ്ലാവിന് പങ്കുവയ്ക്കാന്‍ കഥകളേറെ. പ്രായം മുന്നൂറിന് മേല്‍. പഴമക്കാര്‍ പറഞ്ഞു വന്നതനുസരിച്ച് അഞ്ഞൂറ് വരെയെന്ന് അവകാശപ്പെടുന്നവരുമുണ്ട്.ചെമ്പഴന്തി ഗുരുകുലത്തിലെത്തുന്ന ഏതൊരാളും ഈ മുത്തശ്ശി പ്ലാവിന്‍റെ ചാരത്ത് വന്ന് കൗതുകപൂര്‍വ്വം വീക്ഷിച്ചും ചിലര്‍ ഇവിടെ നിന്ന് ഗുരുദേവ സ്മരണ അയവിറക്കിയുമാണ് മടക്കം.

ഗുരുദേവന് ഫലവൃക്ഷങ്ങള്‍ ഏറെ പ്രിയമുള്ളവയായിരുന്നു. ‘സൗകര്യം കിട്ടുമ്പോള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണം തണലുമായി പഴവുമായി’ എന്നുള്ള ഗുരുവാണി ഇപ്പോഴും ഭക്തമനസ്സുകളില്‍ കുടി കൊള്ളുന്നു. പ്രായത്തിന്‍റേതായ അവശതകള്‍ ഏറെയുള്ളതിനാല്‍ കാതല്‍ കുറേയേറെ നശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് കയറാവുന്ന വിധം ഉള്‍ക്കാമ്പ് ദ്രവിച്ചിട്ടുണ്ട്. കുറേ ശാഖകള്‍ ഉണങ്ങിയിട്ടുമുണ്ട്. എങ്കിലും ആരോഗ്യത്തോടെയുള്ള ശാഖകളുള്ളതില്‍ നിറയെ ഇലകളുമുണ്ട്. വര്‍ഷംതോറും ചക്കകളും ഉണ്ടാകാറുണ്ട്. മുത്തശ്ശി പ്ലാവിന് പ്രത്യേകമായ സംരക്ഷണവും നല്‍കുന്നുണ്ട്. ചുറ്റും തറകെട്ടി വിവിധ വര്‍ണ്ണ പൂച്ചെടികള്‍ തറയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ഗുരുകുലത്തിലേക്ക് പ്രധാന കവാടം കടന്നു മുന്നോട്ട് വരുമ്പോള്‍ വലത് ഭാഗത്തായാണ് പ്ലാവ് നിലകൊള്ളുന്നത്.ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഭരണ നിയന്ത്രണത്തിലാണ് ചെമ്പഴന്തി ഗുരുകുലം. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ഗുരുകുലത്തിന്‍റെയും സെക്രട്ടറി.

Related Articles

Back to top button