‘ചതുർരത്നങ്ങൾ’ പ്രസൻ്റ് ടീച്ചർ..! സ്കൂളിലെ കൗതുക കാഴ്ചയായി നാല് കുരുന്നുകൾ…
തിരുവനന്തപുരം: വട്ടപ്പാറ ലൂർദ് മൗണ്ട് സിബിഎസ്ഇ പബ്ലിക് സ്കൂളിലെ കൗതുക കാഴ്ചയാണ് ‘ചതുർരത്നങ്ങൾ…!’. രണ്ട് എ ഡിവിഷനിലെ ക്ലാസ് ടീച്ചർ രേഷ്മ ഹാജർബുക്ക് തുറന്ന് ആദ്യ നാലുപേരുകൾ നീട്ടിവിളിക്കും… ‘അശ്വജിത്, ആര്യജിത്, അനന്യജിത്, അനഘജിത്….’ മറുപടി നാലു പേരിൽ നിന്നും ഒരേ സ്വരത്തിലെത്തും… ‘പ്രസൻ്റ് ടീച്ചർ…!’
ഒറ്റ പ്രസവത്തിൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ പിറന്നവരാണ് ഈ ‘ചതുർരത്നങ്ങൾ.’ നെടുമങ്ങാട് അരശുപറമ്പ് ജീവ ഭവനിൽ ജിതിന്റെയും ആശാദേവിയുടെയും മക്കൾ. ഈ നാൽവർ സംഘമാണ് സ്കൂളിനാകെ കാതുക കാഴ്ചയാകുന്നത്. പുത്തനുടുപ്പും പുതിയ ബാഗുമൊക്കെയായി അശ്വജിത്, ആര്യജിത്, അനന്യജിത്, അനഘജിത് എന്നീ നാലുപേര്‍ ആവേശത്തോടെ, അതിലേറെ ആഹ്ലാദത്തോടെയാണ് ഇന്ന് സ്കൂളിൽ എത്തുന്നത്.
ഓരോ മിനിട്ട് വ്യത്യാസത്തിൽ പിറന്ന ഈ കുട്ടികള്‍ പരസ്പരം വലിയ ഇഷ്ടത്തിലാണ്. സഹപാഠികളോട് കൂട്ടുകൂടാൻ പോകുന്നതും നാല്‍വര്‍ സംഘം ഒരുമിച്ച് തന്നെ. കുസൃതിയുമില്ലാത്ത ഇവരെ മറ്റ് കുട്ടികൾക്കെന്നപോലെ അധ്യാപകർക്കും വലിയ ഇഷ്ടം. നാലുപേര്‍ക്കും പരസ്പരം കാണാതിരിക്കാന്‍ കഴിയില്ല. ഒരേ സ്കൂളിലെ ഒരേ ക്ലാസ് മുറിയായതിൻ്റെ ത്രില്ലിലാണ് ഇവരും. ഒരാൾക്ക് സൗജന്യ വിദ്യാഭ്യാസവും, മൂന്നുപേർക്ക് ഫീസിൽ 50 ശതമാനം ഇളവും നൽകിയാണ് ലൂർദ് മൗണ്ട് ചതുർരത്നനങ്ങളെ യുകെജി മുതൽ പഠിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ രോഹിണി പറയുന്നു.