ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം..ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു…
ചരക്ക് ട്രയിനുകളും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെ പഞ്ചാബിലെ മധോപൂർ പ്രദേശത്താണ് അപകടം നടന്നത്.ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച ശേഷം ഒരു ട്രെയിനിന്‍റെ എൻജിൻ മറിഞ്ഞ് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോകുന്ന പാസഞ്ചർ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ചരക്ക് തീവണ്ടിയിലെ പൈലറ്റുമാരായ വികാസ് കുമാർ, ഹിമാൻഷു കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്രെയിനുകള്‍ക്ക് വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.അപകടത്തില്‍ ട്രാക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.. ട്രാക്കിലെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് അംബാല മുതൽ ലുധിയാന വരെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ വഴിതിരിച്ചു വിടുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.