യുവതിയുടെ ആരോഗ്യമുള്ള വലതു വൃക്ക നീക്കം ചെയ്ത്….രോഗമുള്ളത് ഇടതു വൃക്കക്ക്….
ചികിത്സക്കെത്തിയ യുവതിയുടെ ആരോഗ്യമുള്ള വലത്തെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ മെഡിക്കൽ അശ്രദ്ധക്ക് കേസെടുത്ത് പൊലീസ്. മെയ് 15 ന് രാജസ്ഥാനിലെ ജുൻജുനുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഐപിസി 337, 338 വകുപ്പുകൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തുവെന്ന് ജുൻജുനു എസ്പി രാജർഷി രാജ് വർമ്മ അറിയിച്ചു. കേസിന്റെ മറ്റ് വശങ്ങളും അന്വേഷിക്കുകയാണെന്നും ആരോപണ വിധേയനായ ഡോക്ടർ സഞ്ജയ് ധങ്കറിനെതിരെ കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടടെ ആരോഗ്യമുള്ള വലതു വൃക്കയാണ് ധങ്കർ ആശുപത്രിയിലെ ഡോക്ടർമാർ നീക്കം ചെയ്തത്. എന്നാൽ നീക്കം ചെയ്തതിന് ശേഷം വൃക്ക എന്താണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പരാമർശിക്കാത്തത് വിവാദത്തിന് കാരണമായി. നീക്കം ചെയ്ത വൃക്ക ആശുപത്രി അധികൃതർ തങ്ങൾക്ക് കൈമാറിയില്ലെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. വൃക്ക മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞുവെന്ന് രോഗിയുടെ ബന്ധു സെഹ്സാദ് അലി ആരോപിച്ചു. എന്നാൽ ചികിത്സിച്ച ഡോക്ടർ സഞ്ജയ് ധങ്കർ ആരോപണങ്ങൾ നിഷേധിച്ചു. വൃക്ക രോഗിയുടെ കുടുംബത്തിന് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു.