കാമുകിയെ തൂക്കികൊന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം… പൈശാചിക കൊലപാതകം… കുറ്റം സമ്മതിച്ചത്, പിടികൂടി നാലാം നാൾ
മാവേലിക്കര: വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴിക്കോലില്‍ തൂക്കികൊന്ന പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ സുനിത.എസ് (26)നെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷ് (42)നെയാണ് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ.എന്‍.അജിത്ത്കുമാര്‍ ഉത്തരവായത്.
2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പതമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. രാത്രി 8 മണിയോടെ എത്തുന്ന സുനിത പുലർച്ചെ 5 മണിക്കാണ് മടങ്ങിപ്പോവുക. വീടിനോട് ചേർന്ന് പുറത്തേക്ക് വാതിലുള്ള ചായിപ്പിലാണ് രാജേഷ് താമസ്സിച്ചിരുന്നത്. ഇതിനിടെ സുനിത ഗര്‍ഭിണിയായി. രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭഛിദ്രം നടത്തി. ഇതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവസാനം രാജേഷ് സുനിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. കൃത്യം നടക്കുന്നതിന്റെ തലേദിവസം സുനിതയോട് രജസ്റ്റര്‍ മാരേജ് ചെയ്യാനായി പോകുവാന്‍ ഒരുങ്ങി നില്‍ക്കുവാനും ആവശ്യപ്പെട്ടു. സുനിത ഒരുങ്ങി നിന്നെങ്കിലും രാജേഷ് ചെങ്ങനാശേരിയില്‍ ആയതിനാല്‍ എത്താന്‍ സാധിക്കില്ല എന്ന് അറിയിക്കുകയും കൃത്യം നടന്ന ദിവസം ഉറപ്പായും പോകാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ 18നും രാജേഷ് മറ്റെന്തോ അത്യാവശ്യം പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്ന് സുനിതയും രാജേഷും തമ്മില്‍ ഫോണില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തന്നെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം കഴിക്കാനാണെങ്കില്‍ തന്നെ കൊന്നിട്ടു പോകണം എന്ന് സുനിത രാജേഷിനോട് പറഞ്ഞു. ഇന്ന് വാ നിന്നെ കൊന്നു തന്നേക്കാം എന്ന് രാജേഷ് സുനിതയോട് തിരികെ പറയുകയും ചെയ്തു. അന്ന് രാത്രിയില്‍ രാജേഷിന്റെ വീട്ടിലെത്തിയ സുനിത രാജേഷുമായി വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതേതുടര്‍ന്ന് രാജേഷ് സുനിതയുടെ തുടയില്‍ ചവിട്ടി. ചവിട്ടുകൊണ്ട് വീണ സുനിതയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ഇതേ തുടര്‍ന്ന് ബോധരഹിതയായ സുനിതയെ അവരുടെ ഷാള്‍ ഉപയോഗിച്ച് രാജേഷിന്റെ വീടിന്റെ കഴിക്കോലില്‍ കെട്ടിതൂക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് മൃതദേഹം തൊട്ടുടുത്തു തന്നെയുള്ള സുനിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുപോയി കെട്ടിതൂക്കുവാനായിരുന്നു രാജേഷിന്റെ പദ്ധതി. എന്നാല്‍ മുന്നൂറു മീറ്റര്‍ എത്തിയപ്പോഴേക്കും കുഴഞ്ഞ രാജേഷ് സമൂപത്തെ വെട്ടുവേനി ബഥേനിയേല്‍ വീട്ടില്‍ കുഞ്ഞുമോന്റെ വീടിന്റെ സിറ്റ്ഔട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
കൊലനടന്ന ദിവസം തന്നെ പിടികൂടി, കുറ്റം സമ്മതിച്ചത് നാലാം നാൾ
പൊലീസ് അസോഭാവിക മരണത്തിന് കേസെടുക്കുകയും പോസ്റ്റ് മോര്‍ട്ടത്തില്‍ തുടയിലേയും തലയിലേയും പരിക്കുകള്‍ കണ്ടെത്തുകയുമായിരുന്നു. സുനിതയും രാജേഷും തമ്മിലുള്ള അടുപ്പത്തേകുറിച്ചുള്ള മൊഴികളും ലഭിച്ചതോടെ അന്വേഷണം രാജേഷിലേക്ക് എത്തുകയായിരുന്നു. ആദ്യദിനം തന്നെ കസ്റ്റഡിയിലായ രാജേഷ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റം സമ്മതിച്ചത്. ഹരിപ്പാട് സി.ഐ.ആയിരുന്ന ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്.
ശിക്ഷ ഇങ്ങനെ
കൊലപാതകം കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും, ആയുധമില്ലാതെയുള്ള ദേഹോദ്രവം ഏര്‍പ്പിക്കല്‍ കുറ്റത്തിന് മൂന്ന് മാസം തടവ്, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഏല്‍പ്പിക്കല്‍ കുറ്റത്തിന് ഒരു വര്‍ഷം തടവ്, തെളിവു നശിപ്പിക്കലിന് രണ്ട് വര്‍ഷം തടവ് എന്നിവയാണ് ചുമത്തിയിട്ടുള്ളത്. പിഴ ഓടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകൾക്ക് നല്‍കണമെന്നും വിധിയിൽ പറയുന്നു.
22 സാക്ഷികളെയും 29 രേഖകളും, 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സോളമന്‍, അഭിഭാഷകനായ സരുണ്‍.കെ.ഇടിക്കുള എന്നിവര്‍ ഹാജരായി.