ഡികെ ശിവകുമാര്‍ സാംസ്കാരിക കേരളത്തെ പരിഹസിക്കുന്നു എംവി ഗോവിന്ദൻ….
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് വിലയിരുത്തലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും പറഞ്ഞ അദ്ദേഹം രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും വ്യക്തമാക്കി. എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയെയും മകൾ വീണയെയും പൂര്‍ണമായി പിന്തുണച്ച എംവി ഗോവിന്ദൻ മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് നേരിടുമെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയും ജയിലിൽ അടച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരണ്ടി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉൾക്കൊണ്ടില്ല. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിൻറെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. ഇപ്പോൾ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന നരേന്ദ്ര മോദി താൻ തന്നെ ദൈവം എന്ന് പറയുമോ.രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.