ഉത്തര കടലാസ് നോക്കിയ അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം….

കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം 17ഉം കൂട്ടി 40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30 എന്നാണ് അധ്യാപകൻ തെറ്റായി രേഖപ്പെടുത്തിയത്.

നാൽപ്പതിൽ നാൽപ്പതും കിട്ടിയ ധ്യാനിന് ഇതോടെ എ ഗ്രേഡായി. ബാക്കി 9 വിഷയങ്ങളിലും എ പ്ലസ് നേടിയ ധ്യാൻ ബയോളജി ഉത്തരക്കടലാസ് അപേക്ഷ നൽകി വാങ്ങുകയായിരുന്നു. ഇതോടെയാണ് മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി വ്യക്തമായതെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പ്രിയ പറഞ്ഞു. എളുപ്പമായിരുന്ന വിഷയത്തില്‍ എ പ്ലസ് കിട്ടുമെന്ന വിദ്യാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്നു. ഉത്തരക്കടലാസ് അപേക്ഷ നല്‍കി വാങ്ങിയതിന് പുറമെ പുനര്‍ മൂല്യ നിര്‍ണയത്തിനും അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയത്തില്‍ ബയോളജിക്കും എ പ്ലസ് ആയി മാറി. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

Related Articles

Back to top button