കായംകുളത്ത് ക്ഷേത്ര ദർശനത്തിന് പോയ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി….

കായംകുളം: വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചെറിയ പത്തിയൂർ, മങ്ങാട്ടുശേരിൽ, ശിവന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. വീടിനു സമീപത്തായുള്ള റോഡരികിലുള്ള കുളത്തിലാണ് ആനന്ദവല്ലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി രാവിലെ ചെറിയ പത്തിയൂർ ക്ഷേത്ര ദർശനത്തിന് പോകുന്നതായിരുന്നു ആനന്ദവല്ലി.

ഉച്ചക്ക് പന്ത്രണ്ട് മണിയായിട്ടും ഇവർ തിരികെയെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് സമീപവാസി കുളത്തിൽ ആരോ കിടക്കുന്നതായി പറഞ്ഞത്. ഇത് കേട്ട് മകനും, ബന്ധുക്കളും എത്തിയപ്പോൾ കുളത്തിൽ മരിച്ച് കിടക്കുന്ന ആനന്ദവല്ലിയെയാണ് കാണുന്നത്. ഇവർ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീട്ടിൽ നിന്നും അമ്പത് മീറ്ററോളം മാറിയാണ് മൃതദേഹം കിടന്ന കുളം ഉള്ളത്. മഴയിൽ വെള്ളം കയറി നിറഞ്ഞ സ്ഥിതിയിലാണ് കുളമുള്ളത്. വയോധിക ഇതുവഴി പോകുന്നതിനിടെ തെന്നി വീണതാകാമെന്നാണ് സൂചന. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് എത്തി മകന്റെ മൊഴി ശേഖരിച്ചു. മൃതദേഹം കായംകുളം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button