തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാരോട് പറഞ്ഞില്ല..ഹരിപ്പാട് ഒന്പതുകാരന് പേവിഷ ബാധയേറ്റ് മരിച്ചു…
ആലപ്പുഴ: ഹരിപ്പാട് ഒന്‍പതു വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു.തെരുവുനായ ആക്രമിച്ച കാര്യം വീട്ടിൽ പറയാതെ ഇരുന്നതിനാൽ ചികിത്സ ലഭിക്കാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിച്ചത്. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന് ദേവനാരായണന് (9) ആണ് മരിച്ചത്. മുല്ലക്കര എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ മാസമായിരുന്നു കുട്ടിയെ തെരുവുനായ ആക്രമിച്ചത് . നായയുടെ നഖം കൊണ്ടു ശരീരത്തില്‍ പോറലേറ്റിരുന്നു. ഇക്കാര്യം വീട്ടില്‍ കുട്ടി പറഞ്ഞില്ല.തുടർന്ന് ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.