സ്കേറ്റിംഗിൽ ലോക റേക്കോർഡ് നേടി അർജുൻ…
വിളപ്പിൽ: റോളർ നെറ്റഡ്ബോൾ ജൂനിയർ താരം എസ്. അർജുൻ ലോക റെക്കോർഡിൽ ഇടം നേടി. വ്യത്യസ്ഥതയാർന്ന കായിക മികവിലൂടെയാണ് വിളപ്പിൽശാല ചേലക്കാട് അനന്ദഭദ്രത്തിൽ സജികുമാർ – ഗീതു ദമ്പതികളുടെ മകനും, പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥിയുമായ അർജുൻ വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചത്. 2024 ൽ ശ്രീലങ്കയിൽ നടന്ന രണ്ടാമത് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അർജുൻ വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞവർഷം മലേഷ്യയിൽ നടന്ന ഒന്നാമത് ഇൻ്റർനാഷണൽ റോളർ നെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിലും ഇന്ത്യക്കുവേണ്ടി സബ് ജൂനിയർ വിഭാഗത്തിൽ അർജുൻ സ്വർണം നേടിയിരുന്നു.
മുൻ വർഷങ്ങളിൽ ഗോവയിലും ഹരിയാനയിലും നടന്ന ദേശിയ മത്സരങ്ങളിലും അർജുൻ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയിരുന്നു. പേയാട് ഭജനമഠം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിനിക്സ് റോളർ സെകേറ്റിംഗ് അക്കാഡമി വിദ്യാർത്ഥിയാണ് അർജുൻ. മുൻ ദേശീയ റോളർസ്കേറ്റിംഗ് താരവും വിമുക്തഭടനുമായ ബിജു കെ. നായരാണ് പരിശീലകൻ.