അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം ലാൽ തുടരണമെന്ന നിലപാടിൽ മമ്മൂട്ടിയും.. താരസംഘടനയുടെ തലപ്പത്ത് മോഹൻലാലിന് തുടരേണ്ടി വരും…
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരുമെന്ന് സൂചന. ജനറൽ സെക്രട്ടറി സ്ഥാനം ഇടവേള ബാബു ഒഴിഞ്ഞാലും ലാൽ മാറില്ലെന്നാണ് താര സംഘടനയിൽ നിന്നും പുറത്തു വരുന്ന സൂചന. ‘അമ്മയെ’ നയിക്കാൻ മോഹൻലാലോ മമ്മൂട്ടിയോ വേണമെന്ന വികാരം നടി-നടന്മാർക്കിടയിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് മോഹൻലാൽ തുടരുക. സ്ഥാനം ഒഴിയാൻ മോഹൻലാൽ സന്നദ്ധനായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ അടക്കം സമ്മർദ്ദം ലാലിന് മുകളിലുണ്ട്. ലാൽ മാറിയാൽ അത് സംഘടനയിൽ മറ്റ് ചില പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്ക മമ്മൂട്ടിക്ക് അടക്കമുണ്ട്. അതുകൊണ്ടാണ് താര സംഘടനയുടെ താക്കോൽ സ്ഥാനത്ത് ലാലിന് തുടരേണ്ട സാഹചര്യമുള്ളത്.അമ്മയുടെ മുന്നിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യാൻ എല്ലാവരും അംഗീകരിക്കുന്ന ഒരാൾ പ്രസിഡന്റായി ഉണ്ടാകണമെന്നതാണ് മമ്മൂട്ടി അടക്കമുള്ളവരുടെ പൊതുവികാരം.
മോഹൻലാൽ മാറിയാൽ അത് സംഘടനയിൽ ചേരി തിരിവുണ്ടാകും. രണ്ടു പക്ഷങ്ങളായി അത് ചിന്നിചിതറാനും സാധ്യതയുണ്ട്. മോഹൻലാലോ മമ്മൂട്ടിയോ നയിക്കാതെ സംഘടനയ്ക്ക് മുമ്പോട്ട് പോകാനാകില്ലെന്ന വിലയിരുത്തലും സജീവമാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു പടിയിറങ്ങുമ്പോൾ ആ പദവിയിലേക്ക് പുതുതായി അരെ കൊണ്ടു വരണമെന്നതിൽ ഔദ്യോഗിക പക്ഷത്ത് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അധ്യക്ഷനായി മോഹൻലാൽ തുടർന്നാൽ ലാലിന്റെ നിലപാടാകും ഇതിൽ നിർണ്ണായകം.മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇനി വരാൻ പോകുന്നത്. അമ്മയുടെ ചുമതലയിലേക്ക് പുതിയ ആളുകൾ കടന്നു വരേണ്ടതായിട്ടുണ്ട് എന്നും അതിനാലാണ് താൻ ഒഴിയുന്നതെന്നുമാണ് ഇടവേള ബാബുവിന്റെ പ്രതികരണം. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞതവണയും ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ ഇത്തവണ എന്തായാലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും താരം പറയുന്നു.ജൂൺ 30നു കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലാണു പൊതുയോഗം. 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ടവകാശമുള്ളത്. ജൂൺ മൂന്നുമുതൽ പത്രികകൾ സ്വീകരിക്കും. ഇതോടെ തന്നെ ഏതെല്ലാം സ്ഥാനങ്ങളിൽ ആരെല്ലാം വരുമെന്ന പൊതു ചിത്രം കിട്ടും. കഴിഞ്ഞ തവണ ഔദ്യോഗിക പക്ഷത്തിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ എല്ലാ സ്ഥാനത്തേക്കും മത്സരത്തിനുള്ള സാധ്യതയുണ്ട്. മോഹൻലാൽ മത്സരിച്ചാൽ പ്രസിഡന്റിനെ വോട്ടെടുപ്പില്ലാതെ നിശ്ചയിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.കഴിഞ്ഞ തവണ അമ്മയിൽ മത്സരങ്ങൾ നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതൽ പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളിൽ എത്തുകയാണ്. ഈ സാഹചര്യത്തിൽ മോഹൻലാൽ മാറിയാൽ അത് മറ്റുപല പ്രശ്നങ്ങളുമുണ്ടാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻപോളിയും ആശാ ശരത്തും ഹണി റോസുമാണ് തോറ്റത്.