അപേക്ഷകളിലെ വീഴ്ച പരിശോധിക്കലല്ല വിവരാവകാശ ഉദ്യോഗസ്ഥരുടെ പണി……
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിലെ വീഴ്ച പരിശോധിക്കലല്ല വിവരാവകാശ ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നും വിവരാവകാശം ഭരണഘടന നൽകിയിട്ടുള്ള മൗലിക അവകാശമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം.ദിലീപ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ പുന്നക്കാട് സ്വദേശി ശശികുമാർ തുരുത്തിയിൽ നൽകിയ പരാതി പരിഗണിച്ചു കൊണ്ടും വിവരാവകാശ നിയമപ്രകാരം വിവരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഉത്തരവിട്ടു കൊണ്ടുമുള്ള വിധിന്യായത്തിലാണ് കമ്മിഷണറുടെ ഈ പരാമർശം.അപേക്ഷകൻ തേടിയ വിവരങ്ങൾ ഓഫീസിൽ ലഭ്യമല്ലെങ്കിൽ അപേക്ഷ കിട്ടി അഞ്ചു ദിവസത്തിനകം വിവരം ലഭ്യമായ ഓഫീസിലേക്ക് കൈമാറണം. സാധ്യമായ എല്ലാ അന്വേഷണവും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നടത്തിയിട്ടും ഏത് ഓഫീസിലാണ് വിവരം ലഭ്യമായിട്ടുള്ളത് എന്ന് അറിയാൻ കഴിയുന്നില്ലെങ്കിൽ മാത്രമേ ആ നിലയിൽ കൈമാറാതിരിക്കാൻ ഉള്ള സാഹചര്യം ഉള്ളൂ. ഇവിടെ അപ്പീൽ ഹർജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ ആരോഗ്യ ക്ഷേമ വകുപ്പിന്റെ തന്നെ വിവിധ ഓഫീസുകളിൽ ലഭ്യമായവയാണ്.ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയുടെ ഓഫീസിന് വകുപ്പിലെ ഏത് ഓഫീസിലാണ് വിവരം ലഭ്യമാകുക എന്ന് അറിയുവാൻ കഴിയുന്നില്ലെങ്കിൽ എങ്ങനെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാകുമെന്ന കമ്മിഷണർ ചോദിച്ചു. ഏതു തരത്തിലാകും ജനങ്ങളുടെ പ്രശ്നങ്ങൾ ആ ഓഫീസ് അഭിമുഖീകരിക്കുക. വിവരാവകാശ നിയമപ്രകാരം അപ്പീൽ ഹർജിക്കാരന്റെ അപേക്ഷ മേൽ നടപടി സ്വീകരിക്കാതെ കുറ്റം അപേക്ഷകന്റെയാണെന്ന് വരുത്താനുള്ള ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ പരാമർശം വിവരാവകാശ കമ്മിഷൻ അംഗീകരിക്കുന്നില്ല. ഭരണഘടന പ്രദാനം ചെയ്യുന്ന സാമാന്യ നീതി പൗരന് ലഭ്യമാക്കേണ്ടതുണ്ട്.വിവരം പ്രാപ്യമാക്കുന്നതിനുള്ള പൗരന്റെ അവകാശം വിവരാവകാശ നിയമപ്രകാരം സാധ്യമാക്കി നൽകി കൊടുക്കേണ്ട ആളാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ. നിയമം പ്രദാനം ചെയ്യുന്ന പൗരാവകാശത്തിൻ മേലുള്ള കടന്നുകയറ്റവും നിഷേധിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കമ്മിഷണർ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ 10 ദിവസത്തിനകം രജിസ്ട്രേഡ് തപാലിൽ അയച്ചുകൊടുക്കണമെന്നും വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു.