ഡി.വൈ.എസ്.പി എം.ജി.സാബുവിന് വിരമിക്കാൻ നാല് ദിവസം മാത്രം… എം.ജി സാബു അടക്കം മൂന്നുപൊലീസുകാർക്ക് എതിരെ ഡി.ഐ. ജിക്ക് റിപ്പോർട്ട് നൽകിയെന്ന് ആലുവ റൂറൽ എസ്പി….
ഗൂണ്ട നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്പിക്കും മൂന്ന് പൊലീസുകാർക്കുമെതിരെ ഡി ഐ ജിക്ക് റിപ്പോർട്ട് നൽകിയതായി ആലുവ റൂറൽ എസ്പി വൈഭവ് സക്സേന. ഡി വൈ എസ് പിയെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്നും ഇദ്ദേഹമാണ് മറ്റ് പൊലീസുകാരെ ഇവിടെ എത്തിച്ചതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി. എം.ജി സാബു അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്. ഒരാൾ ഡി.വൈ.എസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസുകാരനുമാണ്. വിരുന്നിൽ പങ്കെടുത്ത മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസിൽ നിന്ന് മാറ്റാനും തീരുമാനിച്ചു.
വിരുന്നിൽ പങ്കെടുത്ത രണ്ടുപൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എം ജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. മെയ് 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം.