സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ….അധ്യാപകരിൽ നിന്ന് പണം ഈടാക്കും…
സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാനൊരുങ്ങി ധനകാര്യ വകുപ്പ്. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരിക്കടത്തിലാണ് നടപടി. രാത്രിയുടെ മറവിൽ ഉച്ചഭക്ഷണ അരി കടത്തി . അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമെന്നും ക്രിമിനൽ നടപടി വേണമെന്നും ധനകാര്യ വകുപ്പ് ശുപാർശ ചെയ്തു.സ്കൂളിലെ 7737 കിലോ അരി മോഷണം നടത്തിയതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നാണ് ധനകാര്യ വകുപ്പിൻ്റെ നിര്ദേശം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചു.
അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അരിക്കടത്തിന് പിന്നിൽ സ്കൂളിലെ അധ്യാപകരാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു. നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നായിരുന്നു ഹുസൈൻ ബാബുവിന്റെ ആരോപണം. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ലെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. മുട്ടയും പാലും അടക്കം കടത്തിക്കൊണ്ടു പോകുന്നുണ്ടെന്നായിരുന്നു പരാതിക്കാരൻ്റെ ആക്ഷേപം. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹുസൈൻ ബാബു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിനൽകിയത്.