വിവാഹ വാര്‍ഷികത്തിന് 7 നിർധന കുടുംബങ്ങൾക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികൾ…
25-ാം വിവാഹ വാര്‍ഷികത്തിന് നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് മാതൃകയായി ദമ്പതികൾ.മലപ്പുറം എടക്കര പാര്‍ലി ശ്രീനിലയത്തില്‍ വിജയ്കുമാര്‍ ദാസും ഭാര്യ നിഷയുമാണ് തങ്ങളുടെ വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 5 സെന്റ് വീതം ദാനം ചെയ്തത്. എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിനു കെട്ടിടം നിര്‍മിക്കാന്‍ 12 സെന്റ് ഭൂമിയും ഇവര്‍ ദാനമായി നല്‍കിയിരുന്നു.
പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ഭൂമിയുടെ രേഖകള്‍ പിവി അന്‍വര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒടി ജയിംസ് തുടങ്ങിയവര്‍ വിതരണം ചെയ്തു. വിജയ്കുമാര്‍ ദാസ് 25 വര്‍ഷം ദുബൈയിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുന്‍പാണു നാട്ടില്‍ സ്ഥിരതാമസമാക്കിയത്.