വാടക വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധിക മരിച്ച നിലയിൽ…
മലയിൻകീഴ് വാടക വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധിക മരിച്ച നിലയിൽ. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. വിളവൂർക്കൽ പെരുകാവ് തൈവിളയിൽ വാടകയ്ക്ക് താമസിക്കുന്ന പൂജപ്പുര സ്വദേശി ജയകുമാരി (72) ആണ് മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് വാതിൽ പൊളിച്ചു പൊലീസിന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയനാകാത്തവിധം അഴുകിയ നിലയിലായിരുന്നു. 10 ദിവസമായി ഇവരെ പുറത്തെന്നും കണ്ടില്ലെന്നു സമീപവാസികൾ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഒന്നുമില്ലെന്നും ഒട്ടേറെ അസുഖങ്ങൾക്കു ഇവർ ചികിത്സയിലായിരുന്നു എന്നും പൊലീസ് സൂചിപ്പിച്ചു. താൻ ആർമിയിൽ നഴ്സ് ആയിരുന്നെന്നും വിമുക്തഭടനായ ഭർത്താവ് മരിച്ചു പോയെന്നും ജയകുമാരി പറഞ്ഞിരുന്നതായി വീട്ടുടമ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഏക മകൾ അമേരിക്കയിൽ ആണെന്നും പറയുന്നു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.