ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി… മറ്റൊരു ചാനലിലെ ജീവനക്കാരി….
കൊച്ചി: ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഓൺലൈൻ ചാനൽ നടത്തിപ്പുകാരനായ മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കോട് വീട്ടിൽ ബൈജുവനെയാണ് (45) എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു ഓൺലൈൻ ചാനലിൽ ജോലി ചെയ്തു വരുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയെയും അവരുടെ മാതാവിനെയും കുറിച്ച് വളരെ മോശമായ രീതിയിലും ലൈംഗികച്ചുവയോടെയും പ്രതിപാദിച്ച് വീഡിയോ ചെയ്യുകയും ചെയ്തിരുന്നു.
പ്രതി അയാളുടെ ഓൺലൈൻ ചാനലുകൾ വഴി പ്രചരിപ്പിച്ച വീഡിയോകൾ സഹിതമാണ് പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയുടെ 6 വയസ്സുള്ള കുഞ്ഞിനെ കുറിച്ചും പ്രതി വളരെ മോശമായ രീതിയിൽ അപവാദപ്രചരണം നടത്തുകയും ഫേസ്ബുക്കിൽ കുഞ്ഞിന്റെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് ചെയ്യുകയും ചെയ്തു. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതി അപേലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യത്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ഉപകരണങ്ങൾ പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിനുവേണ്ടി പ്രതി ഉപയോഗിച്ചിരുന്ന വിവിധ സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.