വിദഗ്ധ ചികിത്സ കിട്ടാൻ വൈകി..ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു…

അട്ടപ്പാടി ഗൂളിക്കടവില്‍ കനത്ത മഴയെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു . അട്ടപ്പാടി സ്വദേശി ഫൈസല്‍ (25) ആണ് മരിച്ചത്. വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതാണ് യുവാവിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് ആരോപണം . അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലാതായതോടെയാണ് ചികിത്സ വൈകിയത്.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലൻസുകളും മാസങ്ങളായി കേടായി കിടക്കുകയാണ് .ഇതോടെ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ച ശേഷമാണ് ഫൈസലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്.എന്നാൽ ആശുപത്രിയിലേക്ക് പോകുംവഴി രക്തസ്രാവം അധികമായതോടെ അടുത്ത് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു ഫൈസല്‍ ഓടിച്ചിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വൻ മരത്തിന്‍റെ ഒരു ഭാഗം വീണത്.

Related Articles

Back to top button