കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി……ഡോക്ടര്‍മാര്‍ക്ക് വയനാട്ടിലേക്ക് കൂട്ടസ്ഥലംമാറ്റം….
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കും.പ്രതിദിനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്വര്ധനയുണ്ടായിട്ടും 1962ലെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. 400 രോഗികളെ നിത്യം ഒപിയില്‍ ചികിത്സിക്കുന്ന ഓര്ത്തോയില് മാത്രം പ്രൊഫസര്‍മാരും സീനിയര്‍ റസിഡന്റുമാരും ഉള്‍പ്പെടെ 5 ഡോക്ടര്‍മാരുടെ കുറവുണ്ട്. ജനറല്‍ മെഡിസിന്, ഗൈനക്കോളജി വകുപ്പുകളിലും ഡോകടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്. എല്ലാ വകുപ്പ് മേധാവികളും സ്ഥലംമാറ്റത്തിനെതിരെ പ്രിന്‍സിപ്പളിന് കത്തുനല്‍കിയിട്ടുണ്ട്.
എന്നാല്‍ ഏഴ് ഡോക്ടര്‍മാരെ വിവിധ വകുപ്പുകളില്‍ നിന്നായി വയനാട്ടിലേക്ക് മാറ്റി ഉത്തരവിറക്കി കഴിഞ്ഞു. മാനന്തവാടിയില്‍ വനം വകുപ്പ് വാച്ചറെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ഷാമം ചര്‍ച്ചയായിരുന്നു. അന്ന് താല്‍ക്കാലിക പരിഹാരമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ചില ഡോക്ടര്‍മാരെ 3 മാസത്തേക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ മൂന്ന് മാസത്തിനിടെ വയനാട്ടിലെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ചികിത്സാ പിഴവും ഡോക്ടര്‍മാരുടെ ജോലിഭാരവും ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ തീരുമാനം.