തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർഥിയെ കൊല്ലാൻ ശ്രമം..മുഖ്യ പ്രതി പിടിയിൽ…
കൊല്ലം ചിതറയിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനായിരുന്നു ക്രൂര മർദ്ദനം ഏറ്റത്.ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുകയായിരുന്ന മുസമ്മിലിനെ ഷിജു സുഹൃത്തായ തീപ്പൊരി ഷിബുവുമായി ചേർന്ന് മർദിക്കുകയായിരുന്നു.മുസമ്മിൽ ബസിൽ നിന്നും ഇറങ്ങി നിന്ന സമയം അതുവഴി സ്കൂട്ടറിലെത്തിയ ഷിജു. വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. ഇതിന് പിന്നാലെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
രണ്ടാം പ്രതി തീപ്പൊരി ഷിബുവിനെ നേരത്തെ പിടികൂടി. ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്ന് പൊലീസ് പൊക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.