വിളപ്പിൽശാല ആശുപത്രിയിൽ രാത്രി ചികിത്സയ്ക്ക് ഡോക്ടറില്ല…
വിളപ്പിൽ : വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രി ചികിത്സയ്ക്ക് ഡോക്ടറില്ല. രാത്രി 8 മണിക്കു ശേഷമുള്ള ഡോക്ടറുടെ സേവനമാണ് നിർത്തിവയ്ക്കേണ്ടി വന്നത്. ഇതറിയിച്ച് ആശുപത്രിക്ക് മുന്നിൽ ബോർഡു തൂക്കി അധികൃതർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും കയ്യൊഴിഞ്ഞു. വ്യാഴാഴ്ച മുതലാണ് രാത്രി ഡോക്ടറുടെ സേവനം മുടങ്ങിയത്. ഇതോടെ കിടത്തി ചികിത്സയും നൽകാനാവാത്ത സ്ഥിതിയായി. വിളപ്പിൽ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രാത്രിയിലെ ഡോക്ടറെ നിയമിച്ചത്. മേയ് 1ന് ഇവരുടെ കാലാവധി കഴിഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കാലാവധി പുതുക്കാൻ പഞ്ചായത്തിന് സാധിച്ചില്ല. ഇതിനു ശേഷം ഒരു താൽക്കാലിക ഡോക്ടറെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തി എങ്കിലും ഇദ്ദേഹവും 15ന് ഉപരിപഠനത്തിന് പോയി. ഇതോടെയാണ് പ്രതിസന്ധിയിലായത്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 5 ഡോക്ടർമാർ ആശുപത്രിയിൽ നിലവിൽ ഉണ്ട്. പക്ഷേ, ഇവർ ആരും രാത്രി ജോലി ചെയ്യാൻ തയാറായിട്ടില്ല. അടിയന്തരമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർത്തു പ്രശ്ന പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.