കെ.സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല… ഹൈക്കോടതി റദ്ദാക്കിയത്….
തന്നെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വാര്‍ത്ത വിശ്വസിച്ചാണ് താൻ ആദ്യം പ്രതികരിച്ചതെന്നും എന്നാൽ ആന്ധ്രയിലെ ചിരാല റെയിൽവെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിലുള്ളതിനാൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിന് സാധുതയില്ലെന്നാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം കെ സുധാകരൻ കേസിൽ പ്രതിയാണ്. അന്ന് 6 മാസത്തേക്ക് ആന്ധ്ര വിട്ടു പോകരുതെന്ന് പോലും കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാൽ അന്നത്തെ കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഉപയോഗിച്ച് ഈ എഫ്ഐആറുമായി ബന്ധപ്പെട്ട കേസ് രണ്ടാക്കി മാറ്റുകയായിരുന്നു. അതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കെ.സുധാകരൻ പ്രതിസ്ഥാനത്തുള്ള ഗൂഢാലോചനാ കേസിലുള്ള തുടർ നടപടികൾ സ്തംഭിച്ചു. അപ്പോഴാണ് നീതി തേടി ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്നായ തിരുവനന്തപുരത്തെ സെഷൻസ് കോടതിയെ സമീപിച്ചതെന്നും ഇപി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
കോടതി നിർദ്ദേശ പ്രകാരം തമ്പാനൂർ പോലീസ് അന്വേഷണം നടത്തി എഫ്ഐആർ ഇടുകയാണ് ചെയ്തത്. ആ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കെ.സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത് ആന്ധ്രയിൽ ഇതേ കേസിൽ മറ്റൊരു എഫ്.ഐ.ആർ ഉണ്ടെന്ന് മാത്രമാണ്. അതാണ് കോടതി അംഗീകരിച്ചത്. ആ എഫ്ഐആർ പ്രകാരം തുടർ നടപടികൾ ഉണ്ടായില്ലെന്നത് ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുവെച്ചാൽ ആന്ധ്രയിലെ എഫ്ഐആർ പ്രകാരം കെ.സുധാകരനെതിരായ കേസ് നിലനിൽക്കുന്നു എന്നാണ് അര്‍ത്ഥം. കേസിൽ സുധാകരൻ ഇപ്പോഴും പ്രതിയാണ് എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ആന്ധ്രയിലെ എഫ്ഐആറിൻ്റെ പേരിൽ ഹൈക്കോടതി ഇങ്ങനെയൊരു നിലപാട് എടുത്ത സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.