തലസ്ഥാനത്തെ റോഡുകള്‍ ജൂണ്‍ 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി….
തിരുവനന്തപുരം: നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. റോഡ് നിര്‍മാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ചര്‍ച്ചകളും ആസൂത്രണവും നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.




