അവഗണനയുടെ കുന്നിലേറി ചെറുകോട് ട്രൈബൽ സ്കൂൾ….
സ്കൂൾ മുറ്റം ഉൾപ്പടെ ഇടിച്ചുതാഴ്ത്തി. ഇപ്പോൾ കുന്നിന് മുകളിൽ ശേഷിക്കുന്നത് ഒരു നെടുനീളൻ ഷെഡ്ഡ്. ഇവിടെ നിന്നും മണ്ണ് ഇടിഞ്ഞു വീഴുന്നു. 30 അടിയോളം താഴ്ചയിലേക്ക്. വിളപ്പിൽ പഞ്ചായത്തിലെ ചെറുകോട് ട്രൈബൽ ഗവ.എൽപി സ്കൂളിൻ്റെ ദയനീയ സ്ഥിതിയാണിത്. കുട്ടികൾ കാൽവഴുതി താഴ്ചയിലേക്ക് വീഴാതിരിക്കാൻ ഇരുമ്പ് ഷീറ്റ് കൊണ്ടു മറച്ച നീളമുള്ള ഒരു വേലി മാത്രം. ഇവിടെ ഈ അധ്യയന വർഷവും കുട്ടികൾ പഠിക്കുന്നത്. വലിയ ഹാളിലാണ് ക്ലാസ് മുറികൾ . അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ല. 3 വർഷം മുൻപാണ് പുതിയ മന്ദിരത്തിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചത്. പക്ഷേ, പല കാരണങ്ങളാൽ നിർമാണം വൈകി.
പഴയ കെട്ടിടം സംരക്ഷിച്ചു പുതിയത് പണിയാനായിരുന്നു ആദ്യം തീരുമാനം. ഇതിന്റെ ഭാഗമായാണ് മാസങ്ങൾക്കു മുൻപ് പഴയ കെട്ടിടത്തിനു മുന്നിലെ കുന്ന് ഇടിച്ചു മാറ്റിയത്. എന്നാൽ മണ്ണിടിച്ച ഭാഗത്ത് പുതിയ കെട്ടിടം പണിയാനുള്ള സ്ഥലമില്ല. പിന്നാലെ പഴയ കെട്ടിടം പൊളിച്ച് അവിടത്തെയും മണ്ണ് നീക്കി പുതിയത് പണിയാനുള്ള തീരുമാനമെടുത്തു. പക്ഷേ, പഞ്ചായത്തിലെയും വിദ്യാഭ്യാസ വകുപ്പിലെയും നടപടികൾ വൈകിയതോടെ പഴയ കെട്ടിടം പൊളിക്കുന്നത് അനിശ്ചിതത്വത്തിലായി.
താൽക്കാലം വാടക കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. ഇതിനു ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകി. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം എടുക്കും.