ഇടിച്ച വാൻ നിർത്താതെ പോയി..പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് സ്വകാര്യ ബസ്..നിറഞ്ഞ കയ്യടി….

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ .ജീവനക്കാർ പരിക്കേറ്റയാളെ ബസിൽക്കയറ്റി ആശുപത്രിയിലെത്തിച്ചു.പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍.തൃശൂർ-ഗോവിന്ദാപുരം റൂട്ടിലോടുന്ന ‘ലത ഗൗതം’ ബസിലെ ജീവനക്കാരാണ് യാത്രക്കാരുടെ സഹായത്തോടെ, പരിക്കേറ്റയാളെ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ഗോമതിയില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരില്‍ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലുണ്ടായത്.സ്വകാര്യ ബസ് ആശുപത്രിയിലെത്തിയത് കണ്ട് ആദ്യം ആശുപത്രിയിലുണ്ടായിരുന്നവര്‍ ഞെട്ടിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ബസ് ജീവനക്കാരെ അഭിനന്ദിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിച്ചു. ബസ് ആശുപത്രിയിലേക്ക് വിടാൻ യാത്രക്കാരും സഹകരിച്ചു.അതേസമയം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button