അവയവം മാറി ശസ്ത്രക്രിയ..ഡോക്ടറുടെ മൊഴിയെടുത്തു..കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവിൽ ശസ്ത്രക്രിയ ചെയ്തതെന്ന്….
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴിരേഖപ്പെടുത്തി. സസ്‌പെന്‍ഷന് ശേഷം നാട്ടില്‍ പോയ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.നാവില്‍ കെട്ട് കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയത്.എന്നാൽ നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍ പറയുന്നു.
ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാര്‍ കണ്ടെത്തിയതെന്നും ഡോക്ടര്‍ മൊഴി നല്‍കി. ചോദ്യം ചെയ്യുമ്പോള്‍ ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ഉണ്ടായിരുന്നു.ചെറുവണ്ണൂര്‍ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതാണ് വിവാദമായത്.ഇതിനെ തുടർന്ന് ഡോക്ടര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.