പോക്‌സോ കേസ് പ്രതി തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടൽവഴി രക്ഷപ്പെട്ടു..ഒളിവിൽ പാർപ്പിച്ചവർ പിടിയിൽ…

പാറശ്ശാല : പോക്‌സോ കേസ് പ്രതി തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടൽ വഴി രക്ഷപ്പെട്ടു. മീൻപിടിത്ത ബോട്ടിൽ സഞ്ചരിക്കുന്നതായി അറിഞ്ഞ് അന്വേഷണത്തിനെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട് വളളവിള പൊലീസ് പരിധിയിൽ എട്ടുമാസം മുൻപ് നടന്ന കേസിലെ പ്രതിയായ ജിൽസൻ(22) ആണ് ബോട്ടിൽ നിന്ന് മറ്റൊരു വളളത്തിൽ കയറി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചുതെങ്ങ് ഭാഗത്തെ കടലിലാണ് സംഭവം. അന്വേഷണത്തിനായി ക്യൂബ്രാഞ്ച് അധികൃതർ വിഴിഞ്ഞത്തെ കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും സഹായം തേടി.

കോസ്റ്റുഗാർഡിന്റെ അനഘ് എന്ന കപ്പലെത്തി ആഴക്കടലിൽ വച്ച് തമിഴ്‌നാട് സ്വദേശികളായ 19 പേർ സഞ്ചരിച്ചിരുന്ന ബോട്ട് പിടികൂടി. കോസ്റ്റൽ പൊലീസിന് കൈമാറി. എസ്.ഐ.മാരായ ജയശങ്കർ, സൈമൺ ജൂസ,സി.പി.ഒ, ജോസ് കുമാർ, കോസ്റ്റൽ വാർഡൻ ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് കോസ്റ്റുഗാർഡിന്റെ കസ്റ്റഡിയിൽ നിന്ന് ബോട്ടിനെയും തൊഴിലാളികളെയും ഏറ്റുവാങ്ങി വിഴിഞ്ഞത്തെ പഴയ വാർഫിലെത്തിച്ചത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വള്ളത്തിന് കേരളതീരത്ത് മത്സ്യബന്ധനാനുമതിയോ വള്ളത്തിൽ ജീവൻ രക്ഷാഉപകരണങ്ങളോ ഇല്ലായിരുന്നു.

നിരോധിത വലകളും വള്ളത്തിൽ ഉണ്ടായിരുന്നു. കോസ്റ്റൽ പൊലീസ് തടഞ്ഞുവച്ച ബോട്ടിലുളള മീൻ ലേലം ചെയ്യുമെന്ന് വിഴിഞ്ഞത്തെ ഫിഷറീസ് അസി. ഡയറക്ടർ രാജേഷ് പറഞ്ഞു. ബോട്ടിൽ നിന്ന് വളളത്തിൽ കയറി രക്ഷപ്പെട്ട പ്രതിക്കായി അഞ്ചുതെങ്ങ് ഉൾപ്പെട്ട തീരമേഖലകളിൽ തമിഴ്‌നാട് ക്യൂബ്രാഞ്ച് അധികൃതർ അന്വേഷണം തുടരുന്നു

Related Articles

Back to top button