അവയവം മാറി ശസ്ത്രക്രിയ ചെയ്യ്ത കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ…..
കോഴിക്കോട് മെഡിക്കൽ കോളജ് ശസ്ത്രക്രിയ പിഴവ് കേസിൽ കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി.
കുട്ടിയെ പരിശോധിച്ച മറ്റ് ഡോക്ടർമാരിൽ നിന്ന് ഉൾപ്പെടെ പൊലീസ് മൊഴിയെടുത്തു. അവയവം മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അടുത്ത ദിവസം ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയയ്ക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് പിഴവില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം പരിശോക്കുന്നുണ്ട്.