വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം….എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ…
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി യുവജന, വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തിൽ എംഎസ്എഫിനെ പ്രതിനിധീകരിച്ചെത്തിയ സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട യോഗം തുടങ്ങുന്ന സമയം തന്നെ പ്രതിഷേധമുയർത്തി. പ്ലസ്‌വൺ സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട് ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിനെത്തിയ ഇടത് സംഘടനാ പ്രതിനിധികൾ നൗഫലിനെ ബലമായി പുറത്താക്കുക്കയായിരുന്നു. പിന്നാലെ യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച നൗഫലിനെ കന്റോൺമെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു