തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം…
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേനെയെത്തിയവര്‍ മര്‍ദ്ദിക്കുകയായിരുന്നു .സംഘം ആംആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.സംഭവത്തിൽ ആപ് കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മ പൊലീസില്‍ പരാതി നല്‍കി.തന്റെ ഷാള്‍ വലിച്ചൂരിയ അക്രമികള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയെന്നും ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു.
അക്രമികൾ കറുത്ത മഷി ജനങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞുവെന്നും നിരവധി സ്ത്രീകൾക്ക് പരിക്കേറ്റെന്നും പരാതിയില്‍ ചൂണ്ടികാട്ടി. ഛായ ശര്‍മ്മയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കനയ്യകുമാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനടപടി ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.