പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും….
പന്തീരാങ്കാവ് നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ രാഹുൽൻ്റെ അമ്മയെയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് അഞ്ചു മണിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്. നേരത്തെ പീഡനത്തിന് ഇരയായ നവ വധുവും വധുവിന്റെ ബന്ധുക്കളും രാഹുലിന്റെ കുടുംബാംഗങ്ങൾ സ്ത്രീ ധനം ആവശ്യപ്പെട്ടിരുന്നു എന്ന മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതിനിടെ രാഹുലിന്റെ അമ്മയും സഹോദരിയും ഒളിവിൽ പോവാൻ ശ്രമിക്കുന്നുവെന്നാരോപണവുമായി നവവധുവിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. രാഹുലിനൊപ്പം രാഹുലിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സഹോദരൻ മുന്നോട്ട് വെച്ചിരുന്നു.
മേയ് 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ എസ് സരിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫറോക്ക് അസി കമീഷണർ സജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്