വോട്ടെണ്ണലിനിടെ പ്രതിഷേധം..അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു….
എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രതിഷേധം തുടങ്ങിയത്. എസ് എഫ് ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുലര്‍ച്ചെ ഒന്നരക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.
അതേസമയം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെടെ പുറത്തു നിന്നുള്ള നേതാക്കള്‍ വോട്ടെണ്ണല്‍ നടക്കുന്ന സെനറ്റ് ഹാളിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എം എസ് എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് നടന്ന ആറ് അക്കാദമിക് കൗണ്‍സില്‍ സ്ഥാനങ്ങളില്‍ ഒരു സീറ്റ് കെ എസ് യു നേടിയിരുന്നു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണമുള്‍പ്പെടെ ആറു സീറ്റുകളാണ് എസ് എഫ് ഐ നേടിയത്.