നാലുവയസുകാരിക്ക് ശസ്ത്രക്രിയ മാറി നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്…

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി.സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളായ നാലു വയസുകാരിക്കായിരുന്നു മാറി ശസ്ത്രക്രിയ നടത്തിയത്.ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button