സാമൂഹ്യവിരുദ്ധരെ പൊക്കാൻ പോലീസ് ഇറങ്ങി….സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 153 പേർ…
തിരുവനന്തപുരം: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 90 പേര്‍ക്കെതിരെയും വാറണ്ട് കേസില്‍ പ്രതികളായ 153 പേര്‍ക്കെതിരെയും അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐ.ജിമാര്‍ക്കും റെയിഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.