തമിഴ്നാട്ടിലെ കമ്പത്ത് നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ..വാഹനംകോട്ടയം സ്വദേശിയുടേത്…
തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം.പുതുപ്പള്ളി സ്വദേശി അഖിൽ എസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസിൽ 2 ദിവസം മുൻപ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് സംശയം.
തമിഴ്നാട് പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയം ബലപ്പെട്ടു. ഫൊറൻസിക് പരിശോധനക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കും. മൃതദേഹങ്ങൾ പരിശോധനകൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.