പ്രധാനാധ്യാപകനെയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തു…..കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ….
ചാലക്കുടി പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽഎബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ (33) ആണ് പിടിയിലായത്.ഏപ്രിൽ 29നാണ് കേസിന്നാസ്പദമായ സംഭവം. കാറിൽ പോവുകയായിരുന്ന മാള സ്വദേശിയായ അധ്യാപകൻ്റെ മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോട് സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ചതിനെ തുടർന്ന് എബിൻ കാറിൻ്റെ മുൻവശത്തേയും സൈഡിലേയും ചില്ലുകൾ ഹെൽമറ്റുകൊണ്ട് തല്ലിപ്പൊട്ടിക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതായി അറിഞ്ഞ എബിൻ നാളുകളായി ഒളിവിലായിരുന്നു. നേരത്തെ കൊലക്കേസിലെ പ്രതിയായിരുന്നു എബിൻ. രണ്ട് വർഷംമുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എബിൻ ഒളിവിലായിരുന്നു. പിന്നീട് എബിനെ എറണാകുളം ജില്ലയിലെ മുനമ്പത്തു നിന്നുമാണ് അന്ന് പൊലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ. `